നെല്ലിക്ക പലപ്പോഴും നാം വിലകുറച്ച് കാണുന്ന ഒരു ഫലമാണെന്ന് പറഞ്ഞാൽ അതിൽ തെറ്റില്ല. ഇതിന് കയ്പ്പും മധുരവും പുളിയും ചേർന്ന ഒരു പ്രത്യേക രുചിയാണുള്ളത്. അത് എല്ലാവർക്കും ഇഷ്ടമാകണമെന്നില്ല. എന്നാൽ ഈ എളിയ ഫലത്തിന്റെ ആരോഗ്യഗുണങ്ങൾ വളരെ വലുതാണ്.
വിറ്റാമിൻ സിയുടെ ഏറ്റവും സമ്പന്നമായ പ്രകൃതിദത്ത ഉറവിടമാണ് നെല്ലിക്ക. കൂടാതെ, വേണ്ട അളവിൽ ഇരുമ്പ്, കാൽസ്യം, ടാന്നിസ്, ഫോസ്ഫറസ് എന്നിവയും ഇതിൽ അടങ്ങിയിരിക്കുന്നു. ജലദോഷം, പ്രമേഹം, അർബുദം, വന്ധ്യത എന്നിവപോലും ചികിത്സിക്കാൻ ആയുർവേദത്തിൽ ഇത് വ്യാപകമായി ഉപയോഗിക്കുന്നു. പതിവായി നെല്ലിക്ക കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ശരീരത്തെ വിഷാംശങ്ങളിൽ നിന്ന് മുക്തമാക്കുവാനും വാർദ്ധക്യം തടയുവാനും വരെ സഹായിക്കും.
മുടിയുടെ അമൃതമായി നെല്ലിക്ക കണക്കാക്കപ്പെടുന്നു. ഇത് പ്രകൃതിദത്ത കണ്ടീഷനറായി പ്രവർത്തിക്കുകയും കട്ടിയുള്ളതും ശക്തവുമായ മുടി നൽകുകയും ചെയ്യും. ഒരു നെല്ലിക്കയിൽ 81.2 ശതമാനം ഈർപ്പം അടങ്ങിയിരിക്കുന്നു. ശിരോചർമ്മത്തിലേക്കുള്ള രക്തചംക്രമണം വർദ്ധിപ്പിക്കുന്നതിലൂടെ ഇതിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ മുടിയുടെ വളർച്ചയെ ഉത്തേജിപ്പിക്കും.
രോമകൂപങ്ങളുടെ മൃതകോശങ്ങളെ പുതിയ കോശങ്ങൾ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കാൻ സഹായിക്കുന്ന കൊളാജൻ എന്ന പ്രോട്ടീൻ ഉത്പാദിപ്പിക്കാൻ നെല്ലിക്കയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ സി സഹായിക്കുന്നു. വിറ്റാമിൻ സി ഉള്ളത് കൊണ്ടുതന്നെ, നെല്ലിക്ക നീര് പുരട്ടുന്നത് തലയിലെ വരൾച്ചയെ സുഖപ്പെടുത്തുകയും താരൻ അടിഞ്ഞുകൂടുന്നത് തടയുകയും ചെയ്യും. ഇതിനുപുറമെ, താരനും അത് മൂലമുണ്ടാകുന്ന ചൊറിച്ചിലും ഒഴിവാക്കുന്ന ആൻറി ബാക്ടീരിയൽ ഗുണങ്ങളും ഇതിൽ ഉണ്ട്.
ശിരോചർമ്മം വൃത്തിയാക്കാനും പരിപോഷിപ്പിക്കാനും മുടിക്ക് തിളക്കം നൽകാനും നെല്ലിക്കയ്ക്ക് കഴിയും. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ പൊടി, മലിനീകരണം, പുക, ഹെയർ സ്റ്റൈലിംഗ് ഉപകരണങ്ങൾ എന്നിവ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് മുടിയെ സംരക്ഷിക്കും. അകാല നരയിൽ നിന്ന് മുടിയെ തടയാനും നെല്ലിക്കയ്ക്ക് സാധിക്കുന്നതാണ്.