പലപ്പോഴും സ്വാദിനെന്ന പേരില്‍ നാം കറികളില്‍ ചേര്‍ക്കുന്ന പലതും ആരോഗ്യവും കൂടി നല്‍കുന്ന ഒന്നാണ്. പലപ്പോഴും നാം ഇതിന്റെ ഗുണങ്ങള്‍ തിരിച്ചറിയാതെയാണ് കറികളിലും മറ്റും ഉപയോഗിയ്ക്കാറുള്ളത്. ആരോഗ്യ ഗുണങ്ങളും സൗന്ദര്യ, മുടി സംരക്ഷണ ഗുണങ്ങളുമെല്ലാം തന്നെ ഒത്തിണങ്ങിയ ഒന്നാണിത്. ഇത്തരത്തില്‍ കറികളില്‍ ചേര്‍ക്കുന്ന ഒന്നാണ് കറിവേപ്പില. സ്വാദിനും മണത്തിനും വേണ്ടി കറികളില്‍ ചേര്‍ക്കുന്ന ഇത് നാം കഴിയ്ക്കാതെ എടുത്തു കളയുകയാണ് പതിവ്.
കറിവേപ്പില പോലെ എന്നൊരു പ്രയോഗം തന്നെയുണ്ട്. എന്നാല്‍ കറിവേപ്പില എന്ന ഈ ഇലയ്ക്ക്, ഏഷ്യന്‍ ഒറിജിനുള്ള ഈ ഇലയ്ക്കുള്ള ആരോഗ്യപരമായ ഗുണങ്ങള്‍ ചെറുതല്ല. കറിവേപ്പിലയ്ക്ക് പല അസുഖങ്ങളും പരിഹരിയ്ക്കാന്‍ സാധിയ്ക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുമുണ്ട്. അയേണ്‍, ഫോളിക് ആസിഡ്, കാല്‍സ്യം പോലുള്ള ധാരാളം വൈറ്റമിനുകള്‍ അടങ്ങിയ ഒന്നാണ് കറിവേപ്പില.
ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ ഒന്നു കൂടിയാണിത്. ഇതില്‍ കാര്‍ബസോള്‍, ലിനോയെ, ആല്‍ഫ ടര്‍ബിനോള്‍ എന്നിവയുള്‍പ്പെടെയുള്ള പല ആന്റി ഓക്‌സിഡന്റുകളും ഇതിലുണ്ട്. ശരീരത്തിലുണ്ടാകുന്ന ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാന്‍ ഇതേറെ നല്ലതാണ്. ഇതിലൂടെ ഫ്രീ റാഡിക്കലുകളെ നിയന്ത്രിയ്ക്കാന്‍ സാധിയ്ക്കും. ഇവയാണ് പലപ്പോഴും പല അസുഖങ്ങള്‍ക്കും കാരണമാകുന്നത്. നമ്മുടെ രോഗ പ്രതിരോധശേഷി കുറയ്ക്കുന്നതും ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്കുമെല്ലാം കാരണം ഇത്തരം ഫ്രീ റാഡിക്കലുകളാണ്. കറിവേപ്പിലയ്ക്ക് ഇതെല്ലാം നിയന്ത്രിയ്ക്കാന്‍ സാധിയ്ക്കും.
ആയുര്‍വേദ പ്രകാരം
ആയുര്‍വേദ പ്രകാരം വയര്‍ സംബന്ധമായ രോഗങ്ങള്‍ക്ക് കറിവേപ്പില ഉപയോഗിയ്ക്കാറുണ്ട്. ദഹനം നടക്കാന്‍, വിശപ്പു കുറയ്ക്കാന്‍, അസിഡിററി കുറയ്ക്കാന്‍ എല്ലാം തന്നെ കറിവേപ്പില നല്ലതാണ്. ഇടയ്ക്കിടെ ടോയ്‌ലറ്റില്‍ പോകണമെന്ന തോന്നലുള്ളവര്‍ക്കുള്ള പരിഹാരമാണിത്. ഇത് കുടലിന്റെ അമിതമായ ചലനത്തെ നിയന്ത്രിയ്ക്കാന്‍ നല്ലതാണ്. അമീബിയാസിസ് പോലുള്ള അവസ്ഥകള്‍ നിയന്ത്രിയ്ക്കാനും ഇതേറെ നല്ലതാണ്. മലബന്ധത്തിനും വയറിളക്കിനുമെല്ലം തന്നെ നല്ലതാണ്.